മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇന്ത്യയുടെ സ്വന്തം വന്ദേഭാരത് പറന്നു; 180 കിലോമീറ്റര്‍ റെക്കോഡ് വേഗത്തില്‍

ഇന്ത്യയുടെ സ്വന്തം വന്ദേഭാരത് പറന്നു; 180 കിലോമീറ്റര്‍ റെക്കോഡ് വേഗത്തില്‍

ഓട്ടോമാറ്റിക് വാതിലുകളും 180 ഡിഗ്രിയില്‍ തിരിയുന്ന കൂടുതല്‍ സുഖപ്രദമായ കസേരകളും ശീതീകരിച്ച ചെയര്‍കാര്‍ കോച്ചുകളും ഇതിലുണ്ടാവും

വന്ദേഭാരത് ട്രെയിൻ
ഇന്ത്യൻ റെയിൽവേ കാത്തിരിക്കുന്ന വന്ദേഭാരത്-2 തീവണ്ടി പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 180 കിലോമീറ്റർ എന്ന റെക്കോഡ് വേഗം പിന്നിട്ടു. രാജസ്ഥാനിലെ കോട്ട-നഗ്ഡ സെക്ഷനിലാണ് തീവണ്ടി 120, 130, 150, 180 തുടങ്ങിയ വിവിധ വേഗപരിധിയിൽ പരീക്ഷണ ഓട്ടം നടത്തിയതെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ട്വിറ്ററിലൂടെ അറിയിച്ചു. നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും പരിശോധന പൂർത്തിയായി. പരീക്ഷണ ഓട്ടം വിജയകരമാവുകയും ചെയ്തു.

സുരക്ഷ അടക്കമുള്ള വിവിധ പരീക്ഷണങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന സെമി-ഹൈസ്പീഡ് തീവണ്ടിയാണ് വന്ദേഭാരത്. ഓട്ടോമാറ്റിക് വാതിലുകളും 180 ഡിഗ്രിയിൽ തിരിയുന്ന കൂടുതൽ സുഖപ്രദമായ കസേരകളും ശീതീകരിച്ച ചെയർകാർ കോച്ചുകളും ഇതിലുണ്ടാവും. ഇതിനുപുറമെ, ഓട്ടോമാറ്റിക് ഫയർ സെൻസറുകൾ, സിസിടിവി ക്യാമറകൾ, ജിപിഎസ് തുടങ്ങിയ ഫീച്ചറുകൾ നൽകി സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തും.

2023 ഓഗസ്റ്റിൽ 75 വന്ദേ ഭാരത് ട്രെയിനുകൾ നിർമിക്കാനാണ് ഐ.സി.എഫ് ലക്ഷ്യമിടുന്നത്. മുമ്പ് എത്തിയിട്ടുള്ള വന്ദേഭാരത് ട്രെയിനുകളെക്കാൾ ഭാരം കുറച്ചായിരിക്കും പുതിയ ട്രെയിനുകൾ എത്തിക്കുകയെന്നാണ് വിവരം. ഇതുവഴി ഏറെ സുഖകരമായ യാത്ര അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്റ്റെയിൻലെസ്സ് സ്റ്റീൽ ഉപയോഗിച്ചായിരിക്കും ബോഗികൾ നിർമിക്കുകയെന്നാണ് ഐ.സി.എഫ്. അറിയിച്ചത്. ഭാരം കുറവായതിനാൽ ഉയർന്നവേഗതയിൽ പോലും യാത്രക്കാർക്ക് കൂടുതൽ സുഖം തോന്നും.

ലോക്കോ പൈലറ്റുകൾ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോറുകളാണ് ബോഗികൾക്ക് നൽകുന്നത്. കൂടുതൽ വിശാലമായിരിക്കും വിൻഡോകൾ. സീറ്റുകൾക്ക് സമീപവും മറ്റും കൂടുതൽ ലഗേജ് സ്പേസുകൾ ഒരുങ്ങുന്നുണ്ട്. ഏറ്റവും മികച്ച രീതിയിലുള്ള ടോയ്ലറ്റുകളും ഉറപ്പുനൽകുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിൽ 75 പുതിയ വന്ദേഭാരത് ട്രെയിനുകൾ ഇന്ത്യയിലെ 75 വലിയ പട്ടണങ്ങളിലൂടെ ഓടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടുള്ളത്.

കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്നതിനായി കവച് സാങ്കേതികവിദ്യയാണ് പുതിയ ട്രെയനുകളിൽ ഏർപ്പാടാക്കിയിട്ടുള്ളത്. ഓരേ ട്രാക്കിൽ രണ്ട് ട്രെയിനുകൾ ഒരുമിച്ച് വരികയാണെങ്കിൽ ഓട്ടോമാറ്റിക് ബ്രേക്ക് പ്രവർത്തിക്കുമെന്നതാണ് കവച് സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷത. വന്ദേഭാരത് തീവണ്ടികൾക്ക് 16 വീതം കോച്ചുകളാണുണ്ടാകുക. വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന ചക്രങ്ങളും ആക്സിലുകളുമാണ് ഈ ട്രെയിനുകളിൽ ഉപയോഗിക്കുന്നത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്