മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സുഗുണന്റെ ഒറ്റ ഞാർവിപ്ലവം

സുഗുണന്റെ ഒറ്റ ഞാർവിപ്ലവം

കുറ്റിയാട്ടൂർ : പരമ്പാരാഗത നെൽകൃഷിയേക്കാൾ മികച്ച ആദായം ഒറ്റഞാർ കൃഷിയിലൂടെ ലഭിക്കുമെന്നാണ് പതിനാല് വർഷമായി ഒറ്റഞാർ സമ്പ്രദായത്തിലൂടെ മാത്രം നെൽകൃഷി ചെയ്തുവരുന്ന സുഗുണൻ സാക്ഷ്യപ്പെടുത്തുന്നത്.

എക്സൈസ് പ്രിവന്റ്റീവ് ഓഫീസറായി റിട്ടയർ ചെയ്ത കരിമ്പുങ്കരയിലെ പി സുഗുണൻ ആണ് ഒറ്റഞാർ കൃഷിയിലൂടെ  മികച്ച അദായം ഉണ്ടാക്കുന്നത്.

കുറ്റിയാട്ടൂർ കൃഷിഭവന്റെ നേതൃത്വത്തിൽ പതിനാല് വർഷം മുൻപ് നടത്തിയ പരിശീലനപരിപാടിയിൽ പങ്കെടുത്തതിന് ശേഷമാണ് സുഗുണൻ ഒറ്റഞാർ കൃഷിയിലേക്ക് തിരിഞ്ഞത്. പഞ്ചായത്തിൽ ആദ്യമായി ഒറ്റഞാർ പരീക്ഷണതോട്ടം നടത്തിയതും സുഗുണന്റെ നേതൃത്വത്തിലായിരുന്നു.

നിലമൊരുക്കിയതിന് ശേഷം കൃത്യമായ അകലത്തിൽ, നേർരേഖയിൽ ഒരുഞാർ മാത്രമെടുത്ത് നടുന്നതിനെയാണ് ഒറ്റഞാർ കൃഷി എന്ന് പറയുന്നത്. സാധാരണ കൃഷിയിൽ ഒരേക്കർ നടാൻ 35 കിലോ വിത്ത് എങ്കിലും വേണം.. എന്നാൽ ഒറ്റഞാറിൽ 15 കിലൊ വിത്ത് മാത്രമേ ആവശ്യമുള്ളൂ. കൃത്യമായ അളവിൽ വളം നല്കാനും,കളകൾ എളുപ്പത്തിൽ നീക്കം ചെയ്യാനും വളരെ എളുപ്പമാണ് എന്നതാണ് മറ്റൊരു സവിശേഷത. ഇങ്ങനെ നടുന്ന ഒരു ചെടിയിൽ നിന്ന് തന്നെ 85 ഓളം ചിനപ്പുകൾ ഉണ്ടാവുന്നത് കൊണ്ട് തന്നെ കൊയ്യാറാവുമ്പോഴേക്കും വയൽ നിറഞ്ഞു വിളയുകയും ചെയ്യും.

സാധാരണ നെൽകൃഷിയിൽനിന്നും 4000 കിലോ നെല്ല് ലഭിക്കുമ്പോൾ, ഒറ്റ ഞാറിൽ  കുറഞ്ഞത് 7000 കിലോയോളം വിളവ് ലഭിക്കുന്നു. കൃഷി അസിസ്റ്റന്റ് ജയരാജ്‌ വി കെ, ഉദയൻ ഇടച്ചേരി, ലീഡ് കോഡിനേറ്റർ അനിത എം, CHM കീർത്തികൃഷ്ണ, തുടങ്ങിയവർ കൃഷിയിടം സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു.

ഉമ, ജീരകശാല, പൗർണമി, കുറുവ തുടങ്ങിയ ഇനങ്ങൾ മൂന്ന് ഏക്കറുകളിലായി സുഗുണൻ കൃഷിച്ചെയ്യുന്നുണ്ട്.കുറ്റിയാട്ടൂർ കൃഷിഭവന്റെ ഈ വർഷത്തെ ലീഡ് കർഷകൻ കൂടിയാണ് സുഗുണൻ.

ഭാര്യ ശ്രീജ, മക്കളായ ജിതിൻ, ജിഷ്ണു, ഷാരൂൺ എന്നിവരും സുഗുണനെ കൃഷിയിൽ സഹായിക്കാൻ കൂടെയുണ്ട്

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്