മെക്ക : യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി പരിശ്രമിക്കുമെന്ന് വ്യക്തമാക്കി പ്രമുഖ വ്യവസായി യൂസഫ് അലി.
പണ്ഡിതനും പാമരനും ദൈവത്തിന് മുന്നിൽ തുല്യരാണെന്നും മലയാളി യുവതിയുടെ മോചനത്തിന് ആവശ്യമായ ശ്രമങ്ങൾ നടത്തുകയാണെന്നും മെക്കയിൽ വച്ച് യൂസഫലി പ്രഖ്യാപിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ഒരുപാടുപേർ ശ്രമിക്കുന്നുണ്ടെന്നും താനും അതിനു വേണ്ടി പരിശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിൽ ഏതെങ്കിലും ഒരു പരിശ്രമം വിജയിക്കണമെന്നും അതിനായി പ്രാർത്ഥിക്കുകയാണെന്നും യൂസഫലി പറഞ്ഞു. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയ്ക്ക് മോചനം ലഭിക്കുന്നതിന്, കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം 50 മില്യൺ യെമൻ റിയാൽ (ഏകദേശം ഒന്നരക്കോടി രൂപ) ദയാധനം ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് നിമിഷപ്രിയയുടെ കുടുംബവും സ്നേഹിതരും.
ഇതിന് മുൻപും വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മലയാളിയുടെ രക്ഷകനായി യൂസഫ് അലി എത്തിയിട്ടുണ്ട്. തൃശൂർ സ്വദേശിയായ ബെക്സ് കൃഷ്‌ണയുടെ മോചനത്തിനാണ് കഴിഞ്ഞ വർഷം അദ്ദേഹം ഇടപെട്ടത്. അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന ബെക്സിന്റെ വാഹനമിടിച്ച് സുഡാനി ബാലൻ കൊല്ലപ്പെട്ടിരുന്നു. തുടർന്ന്, ബെക്സ് കൃഷ്ണന് വധശിക്ഷ വിധിച്ചിരുന്നു. സുഡാനി ബാലൻ്റെ കുടുംബത്തിന്, ഒരുകോടി രൂപ നഷ്ടപരിഹാരമായി നൽകിയാണ് യൂസഫ് അലി ബെക്സിനെ മോചിപ്പിച്ചത്.
Post a Comment