മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

ശരത്തിന് മുന്നിൽ ആ പോലീസുകാർ ഒരിക്കൽക്കൂടി 'തലകുനിച്ചു'; ഒപ്പം ഉള്ളിൽത്തട്ടിയൊരു സല്യൂട്ടും

കാക്കനാട്: ഇത്രയുംനാളും തങ്ങൾ അനുസരണയോടെയും സ്നേഹത്തോടെയും തലകുനിച്ചുനിന്ന ആ സാധാരണക്കാരനു മുന്നിൽ തൃക്കാക്കരയിലെ ഉന്നത പോലീസുകാരുൾപ്പെടെ ഒരിക്കൽക്കൂടി തലകുനിച്ചു, ഒപ്പം ഉള്ളിൽത്തട്ടിയൊരു സല്യൂട്ടും. എന്നാൽ, കാക്കിയിട്ടവരുടെ ആ സല്യൂട്ട് കാണാൻ ആ സാധാരണക്കാരന് ജീവനോ ആത്മാവോ ഇല്ലായിരുന്നു.

തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെയുള്ള പോലീസുകാരുടെയെല്ലാം മുടി വർഷങ്ങളായി വെട്ടിയൊതുക്കിയിരുന്ന ശരത്ത് എന്ന യുവാവിന്റെ മൃതദേഹമാണ് ചേതനയറ്റ് അവർക്കു മുന്നിൽ കിടന്നത്. തിങ്കളാഴ്ച രാത്രി നിലംപതിഞ്ഞിമുകൾ റോഡിലുണ്ടായ ബൈക്കപകടത്തിൽ ജീവൻപൊലിഞ്ഞ തുതിയൂർ കുന്നത്തുചിറ വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ കെ.എസ്. ശരത്തിന്റെ (25) വിയോഗത്തോടെ പോലീസുകാർക്കും നാട്ടുകാർക്കും നഷ്ടമായത് തങ്ങളുടെ ഇഷ്ടങ്ങളറിഞ്ഞ് മുടിവെട്ടിയിരുന്ന ബാർബറെയാണ്.

തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.വി. ബേബി, സി.ഐ. ആർ. ഷാബു, എസ്.ഐ.മാർ ഉൾപ്പെടെ ഉന്നതരും സ്റ്റേഷനിലെ മിക്ക പോലീസുകാരും മുടിവെട്ടാനെത്തിയിരുന്നത് സ്റ്റേഷന് തൊട്ടടുത്തുതന്നെ പ്രവർത്തിക്കുന്ന 'മാൻഹുഡ്' എന്ന ജെന്റ്സ് ബ്യൂട്ടിപാർലറിലായിരുന്നു. ആറുവർഷമായി ഇവിടെ ജോലിചെയ്യുകയായിരുന്ന ശരത്ത്, തന്റെ ഇടപെടലുകൾകൊണ്ട് പോലീസുകാരെയും മറ്റു ഉപഭോക്താക്കളെയും ഒരുപോലെ ആകർഷിച്ചു.

എല്ലാവരുമായും ആത്മബന്ധം സൂക്ഷിക്കാനും ഈ 25-കാരനു സാധിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് അവസാനമായി താൻ ജോലിചെയ്ത സ്ഥാപനത്തിലേക്ക് ആംബുലൻസിൽ ശരത്തിന്റെ ഭൗതിക ശരീരം എത്തിച്ചപ്പോൾ തൃക്കാക്കര സി.ഐ., എസ്.ഐ.മാരായ എൻ.എ. റഫീഖ്, റോയ് കെ. പുന്നൂസ് തുടങ്ങിയ പോലീസുകാരെത്തി അന്തിമോപചാരമർപ്പിച്ചത്. പോലീസുകാരുടെതായി പുഷ്പചക്രവും സമർപ്പിച്ചു.

അടുത്തിടെയാണ് ശരത്ത് പുതിയ ബൈക്ക് വാങ്ങിയത്. ഈ ബൈക്കിൽ സുഹൃത്തിനൊപ്പം ഫുട്ബാൾ കളിക്കാനായി പോകുമ്പോൾ കാക്കനാട്-നിലംപതിഞ്ഞിമുകൾ റോഡിൽ ശാന്തിനഗറിന് സമീപം നിയന്ത്രണംവിട്ട് അടുത്തുള്ള വൈദ്യുതി തൂണിലും മതിലിലുമിടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുവെച്ചുതന്നെ ശരത്തിന്റെ ജീവൻ നഷ്ടമായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്ത ശരത്തിന്റെ സുഹൃത്ത് ജൂഡ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്