കണ്ണൂർ: സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികളുടെ ഒന്നാംവർഷ സിലബസ് പ്രഖ്യാപിക്കാത്തതിനാൽ ആയിരക്കണക്കിന് വിദ്യാർഥികൾ ആശങ്കയിൽ . ക്ലാസ് തുടങ്ങി ബിഎ ഹിസ്റ്ററി ,ഇംഗ്ലീഷ് വിഷയങ്ങളുടെ കോംപ്ലിമെന്ററി പേപ്പർ വിഷയങ്ങളിലാണ് അനിശ്ചിതത്ത്വം. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വി സി യാണ് വിഷയം നീട്ടി കൊണ്ടുപോകുന്നത് എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.
മുപ്പത്തി അഞ്ചായിരത്തിൽപരം വിദ്യാർഥികൾ വിദൂര പ്രൈവറ്റ് വിഭാഗങ്ങളിൽ പഠിച്ചു കൊണ്ടിരുന്ന കണ്ണൂരിൽ ഇപ്പോൾ വിദ്യാർഥികളുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയിരിക്കുന്നു. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളുടെ വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥ പരിഹരിക്കുവാനാരംഭിച്ച യൂണിവേഴ്സിറ്റി ഈ മേഖലയോട് കടുത്ത അവഗണനയാണ് കാട്ടുന്നത്.
വിദ്യാർഥിസംഘടനകളും, ജനപ്രതിനിധികളും വിഷയത്തിൽ ഇടപെടുന്നില്ല. റഗുലർ സ്വാശ്രയ കോളേജുകളിൽ ഒന്നാം വർഷ ക്ലാസുകൾ തുടങ്ങിയിട്ടും പ്രൈവറ്റ് വിദ്യാർഥികളുടെ പ്രവേശനത്തിനു ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടു പോലുമില്ല. ഈ വർഷം കോഴ്സുകൾ തുടങ്ങാനുളള അനുവാദം സർക്കാർ നേരത്തേ തന്നെ നൽകിയിരുന്നു.എന്നിട്ടും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഒന്നാം വർഷ ബി എ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളുടെ സിലബസ്റ്റ് ഉടൻ പ്രഖ്യാപിക്കുക. രണ്ടാം വർഷ വിദ്യാർഥികളുടെ ഒന്നാം വർഷ പരീക്ഷകൾ ഉടൻ നടത്തുക. ഒന്നാം വർഷ ഡിഗ്രി, പി.ജി വിദ്യാർഥികളുടെ അപേക്ഷകൾ ക്ഷണിക്കുക എന്നീ ആവശ്യങ്ങൾ ഉടൻ അംഗീകരിക്കാത്ത പക്ഷം, വിദ്യാർഥികളെയും, രക്ഷിതാക്കളെയും , അധ്യാപകരെയും , മറ്റ് വിദ്യാഭ്യാസ പ്രവർത്തകരെയും അണിനിരത്തി നിരാഹാര സത്യാഗ്രഹമുൾപ്പെടെ അനിശ്ചിത കാല സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും ;കണ്ണൂർ, കാസർഗോഡ് , വയനാട് ജില്ലകളിലെ ആയിരക്കണക്കിനു വിദ്യാർഥികൾ കണ്ണൂർ സർവ്വ കലാശാല ബഹിഷ്കരിക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് പാരലൽ കോളേജ് അസോസിയേഷൻ മുന്നറിയിപ്പു നൽകി.
പത്രസമ്മേളനത്തിൽ കെ.എൻ. രാധാകൃഷ്ണൻ (പ്രസിഡണ്ട് ),ടി.കെ.രാജീവൻ( സിക്രട്ടറി),യു നാരായണൻ (ട്രഷറർ), രക്ഷാധികാരികളായ കെ.പി.ജയ ബാലൻ, സി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Post a Comment