കണ്ണൂർ: മുസ്‌ലിം പിന്നോക്കാവസ്ഥയെ മറികടക്കാൻ സച്ചാർ - പാലോളി കമ്മിറ്റികൾ മുന്നോട്ട് വെച്ച നിർദേശങ്ങൾ അട്ടിമറിച്ച പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സർക്കാർ മുസ്‌ലിങ്ങളോട് കടുത്ത വഞ്ചനയാണ് ചെയ്തത്. വഞ്ചനക്കും അനീതിക്കും എതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ നേരിടാൻ സർക്കാർ ഒരുങ്ങിക്കൊള്ളുക എന്ന താക്കീതാണ് സോളിഡാരിറ്റിയുടെ പതിനാല് ജില്ലകളിലും ഇന്ന് നടക്കുന്ന കളക്ട്രേറ്റ് മാർച്ച് എന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഒ.കെ ഫാരിസ് അഭിപ്രായപെട്ടു.
സോളിഡാരിറ്റി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ച് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സച്ചാർ പാലോളി റിപ്പോർട്ട് അട്ടിമറിക്കെതിരായ പ്രക്ഷോഭത്തിൽ സോളിഡാരിറ്റി കേരളത്തിന്റെ സെക്രട്ടറിയേറ്റിലേക്കും ക്ലിഫ് ഹൗസ്സിലേക്കും സമരം വ്യാപിപ്പിക്കുമെന്നും ഫാരിസ് അഭിപ്രായപ്പെട്ടു.
കോടതിയെയും നിയമാസഭയെയും തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ വിഡ്ഢികളാക്കി മുസ്‌ലിം അവകാശങ്ങളും അവസരങ്ങളും കാറ്റിൽ പറത്തി അധികാരത്തിൽ തുടരാമെന്നത് വ്യാമോഹമാണ്, നീതി നിഷേധിക്കപ്പെട്ട ജനതയുടെ പ്രക്ഷോഭങ്ങൾ കൊണ്ട് കേരളം സമര മുഖരിതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഴയ ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച മർച്ചിലുടനീളം ഇടത് സർക്കാറിന്റെ മുസ്‌ലിം വഞ്ചനക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ ഉയർന്നു. മാർച്ച് കളക്ട്രേറ്റ് പടിക്കൽ പോലീസ് തടഞ്ഞു. ഭരണ - ഉദ്യോഗ രംഗങ്ങളിലെയും വിദ്യാഭ്യാസം, തൊഴില്‍, പൊതു വികസനം തുടങ്ങിയ മേഖലകളിലെയും മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി സച്ചാര്‍-പാലോളി കമ്മിറ്റികള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളെ അട്ടിമറിച്ച പിണറായി സര്‍ക്കാറിനെതിരായി കണ്ണൂര്‍ കലക്റ്ററേറ്റിലേക്ക് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന യുവജന പ്രധിഷേധ മാര്‍ച്ചിൽ ജില്ലാ പ്രസിഡന്റ് സക്കീർ ഹുസ്സൈൻ ആദ്യക്ഷത വഹിച്ചു.
സാമൂഹികാവസ്ഥയെ തന്നെ അട്ടിമറിക്കുന്ന വിദ്വേഷ പ്രചരണങ്ങളും മുസ്ലിം വിരുദ്ധതയും സൃഷ്ടിച്ച് ന്യൂനപക്ഷ ക്ഷേമപദ്ധതികളെ വര്‍ഗീയ ധ്രുവീകരണത്തിനും സാമുദായിക സ്പര്‍ദ വളര്‍ത്തുന്നതിനുമായി ദുര്‍വിനിയോഗം ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരില്‍ ജില്ല മുഴുവന്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും, ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ന്യൂനപക്ഷ പദ്ധതികളെ മരവിപ്പിച്ച പിണറായി സര്‍ക്കാര്‍ തെറ്റ് തിരുത്തി മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതികള്‍ പുനസ്ഥാപിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും സക്കീർ ഹുസ്സൈൻ അറിയിച്ചു. സമരത്തിന്‍റെ ഭാഗമായി സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്ത് 31 മുതല്‍ സെപ്റ്റംബര്‍ 3 വരെ സെക്രട്ടറിയേറ്റ് ധര്‍ണയും സെപ്റ്റംബര്‍ 4 നു ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കും.
ജില്ലാ വൈസ് പ്രസിഡന്റ് ഡോ. മിസ്ഹബ് ഇരിക്കൂർ, ഫ്രറ്റെണിറ്റി ജില്ലാ ഭാരവാഹി മഷൂദ് കെ പി, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി സി കെ എ ജബ്ബാർ, എസ് ഐ ഒ ജില്ലാ പ്രസിഡന്റ് അഡ്വ.റഹ്‌മാൻ ഇരിക്കൂർ, ഐ എസ് എം മർക്കസുദഅവ ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര എന്നിവർ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
Post a Comment