തിരുവനന്തപുരം:- കോവിഡ് രണ്ടാം തരംഗത്തിൽ പ്രത്യാഘാതം അനുഭവിക്കുന്ന ചെറുകിട വ്യാപാരികൾക്കും വ്യവസായികൾക്കും കർഷകർക്കുമുള്ള സാമ്പത്തിക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ (എംഎസ്എംഇ) കെട്ടിടനികുതി ജൂലൈ മുതൽ ഡിസംബർ വരെ ഒഴിവാക്കി. ഈ സ്ഥാപനങ്ങൾക്ക് ഈ കാലയളവിലെ ഇലക്ട്രിസിറ്റി ഫിക്സഡ് ചാർജും സർക്കാർ വാടകയും ഒഴിവാക്കി.
കേന്ദ്ര ധനകാര്യ സ്ഥാപനങ്ങൾ, സംസ്ഥാന ധനകാര്യ സ്ഥാപനങ്ങൾ, വാണിജ്യ ബാങ്കുകൾ എന്നിവയിൽനിന്നും എടുക്കുന്ന 2 ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പയുടെ പലിശയുടെ 4 ശതമാനംവരെ സംസ്ഥാന സർക്കാര്‍ 6 മാസത്തേക്കു വഹിക്കും. ഒരു ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2021 ജനുവരി 20 മുതൽ തിരിച്ചടവു മുടങ്ങിയ കെഎസ്എഫ്ഇ ലോണുകളുടെ പിഴപ്പലിശ സെപ്റ്റംബർ 30വരെ ഒഴിവാക്കി. ചിട്ടിയുടെ കുടിശികക്കാർക്കു കാലാവധി അനുസരിച്ച് സെപ്റ്റംബർ 30വരെയുള്ള 50 മുതൽ 100 ശതമാനംവരെ പലിശയും പിഴപ്പലിശയും ഒഴിവാക്കും. കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് 5% നിരക്കിൽ ഒരു ലക്ഷംരൂപവരെ നൽകുന്ന ലോണിന്റെ കാലാവധിയും സെപ്റ്റംബർ 30വരെ നീട്ടി.
ഒരു കോടിരൂപവരെ കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന വായ്പാ പദ്ധതിക്കായി കെഎഫ്സി 50 കോടി രൂപ മാറ്റിവയ്ക്കും. സംസ്ഥാനത്തെ വിവിധ വ്യവസായ എസ്റ്റേറ്റുകളിലെ വായ്പാ പദ്ധതിക്കായി 500 കോടി രൂപ മാറ്റിവയ്ക്കും. മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയെ പുനരാവിഷ്ക്കരിക്കും. ഒരു കോടിവരെ 5% പലിശയിൽ വായ്പ നൽകുന്ന ഈ പദ്ധതിയിൽ ഒരു വർഷം 500 സംരംഭം എന്ന കണക്കിൽ അടുത്ത 5 വർഷം 2500 പുതിയ വ്യവസായ സംരംഭങ്ങൾക്കു വായ്പ അനുവദിക്കും.
കെഎഫ്സിയിൽനിന്ന് വായ്പ എടുത്ത് 2021 മാർച്ച് 31വരെ കൃത്യമായി തിരിച്ചടച്ചിരുന്ന ചെറുകിട സംരംഭകരുടെ വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കും. മുതൽ തുകയ്ക്ക് ജൂലൈ ഒന്നു മുതൽ ഒരു വർഷത്തേക്കാണ് അവധി. കെഎഫ്സി സംരംഭങ്ങൾക്ക് 20% അധിക വായ്പ നൽകും. കഴിഞ്ഞ വർഷം അനുവദിച്ച 20% ഉൾപ്പെടെ 40 ശതമാനമാണ് അധിക വായ്പ. പദ്ധതിയിൽ മുതൽ തിരിച്ചടവിനു 24 മാസത്തെ സാവകാശം നൽകും. ഇതിനായി 450 കോടി രൂപ വകയിരുത്തി. കോവിഡ് പ്രതിരോധത്തിൽ ഏർപ്പെടുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് പദ്ധതി ചെലവിന്റെ 90% വരെ വായ്പ നൽകും. ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നീ വിഭാഗങ്ങൾക്കുള്ള പലിശ 9.5 ശതമാനത്തിൽനിന്ന് 8 ശതമാനമാക്കി. ഉയർന്ന പലിശ 12 ശതമാനത്തിൽനിന്ന് 10.5 ശതമാനമാക്കി.
Post a Comment