കണ്ണൂര്‍: മലയാളികള്‍ മനസ് വച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. പ്രളയ കാലത്ത് ഇന്റര്‍നെറ്റ് സഹായത്തോടെ സംസ്ഥാനത്താകമാനം സഹായമെത്തിച്ച മലയാളികള്‍ അപൂര്‍വ രോഗം ബാധിച്ച് ചികിത്സയ്‌ക്കായി വിലയേറിയ മരുന്ന് വേണ്ടി വന്ന മുഹമ്മദ് എന്ന ഒന്നര വയസുകാരനെയും കൈയയച്ച് സഹായിച്ചു.
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്‌എംഎ) എന്ന അത്യപൂര്‍വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരനായ മുഹമ്മദിന് രോഗം ഭേദമാകാന്‍ രണ്ട് വയസിന് മുന്‍പ് സോള്‍ജെന്‍സ്‌മ എന്ന മരുന്ന് നല്‍കേണ്ടിയിരുന്നു. എന്നാല്‍ 18 കോടിയോളം വിലവരുന്ന മരുന്ന് വാങ്ങാന്‍ അച്ഛനമ്മമാരായ റഫീഖും മറിയവും വഴി കാണാതെയിരിക്കുകയായിരുന്നുഇവരുടെ മൂത്ത കുട്ടിയായ അഫ്ര ഇതേ രോഗം ബാധിച്ച് കിടപ്പിലായിരുന്നു.
മുഹമ്മദിന്റെ വാര്‍ത്ത അറിഞ്ഞ മലയാളികള്‍ ഒറ്റ മനസോടെ സഹായിക്കാന്‍ മുന്നോട്ട് വന്നു. ദിവസങ്ങള്‍ക്കകം മരുന്നിന് വേണ്ട 18 കോടി രൂപ പിരിഞ്ഞുകിട്ടി. ആകെ സംഭാവനയായി ലഭിച്ചത് 46.78 കോടി രൂപയാണ്. മുഹമ്മദിന് വേണ്ട സോള്‍ജെന്‍സ്‌മ അടുത്ത മാസം ആറിന് എത്തും.
ഇതുവരെ 7,70,000 പേരാണ് പണം നല്‍കിയത്. ഇതില്‍ അഞ്ച് ലക്ഷം രൂപയാണ് ഒറ്റത്തവണ വന്ന ഏറ്റവും വലിയ തുക. മുഹമ്മദിനും സഹോദരി അഫ്രയ്‌ക്കും ചികിത്സയ്‌ക്ക് വേണ്ടിവരുന്ന തുകയ്ക്ക് ശേഷം വരുന്ന പണം സമാനമായ അസുഖം ബാധിച്ച കുട്ടികള്‍ക്ക് നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം. ഇക്കാര്യം സര്‍ക്കാരുമായി ആലോചിച്ചാകും തീരുമാനിക്കുക.
Post a Comment