ഓണക്കിറ്റിൽ ക്രീം ബിസ്‌കറ്റ് വേണ്ട, സർക്കാരിന് 22 കോടിയുടെ അധികബാധ്യതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണത്തിന് വിതരണം ചെയ്യുന്ന സ്പെഷ്യൽ ഭക്ഷ്യക്കിറ്റിൽ ക്രീം ബിസ്കറ്റ് ഉൾപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 90 ലക്ഷം കിറ്റുകളിൽ ബിസ്കറ്റ് ഉൾപ്പെടുത്തുന്നത് സംസ്ഥാന സർക്കാരിന് 22 കോടിയുടെ അധികബാധ്യതയാകുമെന്ന് പറഞ്ഞാണ് ഭക്ഷ്യവകുപ്പിന്റെ നിർദേശം മുഖ്യമന്ത്രി തള്ളിയത്. ഇത്രയും കിറ്റുകൾക്ക് 592 കോടിയാണ് മൊത്തം ചെലവ് വരിക. ബിസ്കറ്റ് ഒഴിവാക്കിയതിലൂടെ ഇത് 570 കോടിയായി കുറയും.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഓണമായതിനാൽ സ്പെഷ്യൽ ഭക്ഷ്യക്കിറ്റിൽ കുട്ടികൾക്കായി ഒരു വിഭവം എന്ന നിലയിലാണ് ചോക്ലേറ്റ് ക്രീം ബിസ്കറ്റ് എന്ന നിർദേശം ഭക്ഷ്യമന്ത്രി ജി.ആർ അനിൽ മുന്നോട്ട് വെച്ചത്. മുൻനിര കമ്പനിയുടെ പാക്കറ്റിന് 30 രൂപ വിലവരുന്ന ബിസ്കറ്റ് തിരഞ്ഞെടുക്കുകയും ചെയ്തു. പാക്കറ്റ് ഒന്നിന് 22 രൂപയ്ക്ക് സർക്കാരിന് നൽകാമെന്നായിരുന്നു കമ്പനി പറഞ്ഞത്.
ബിസ്കറ്റ് ഉൾപ്പെടെ 17 ഇന കിറ്റ് നൽകാമെന്നും ഭക്ഷ്യവകുപ്പ് പറഞ്ഞു. ക്രീം ബിസ്കറ്റ് എന്ന നിർദേശം മുഖ്യമന്ത്രി തള്ളിയതോടെ ഈ വർഷം ഓണത്തിന് 16 ഇനങ്ങൾ ഉൾപ്പെടുന്ന കിറ്റാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്യുക.
Post a Comment